PRP എന്ന അത്‍ഭുത മരുന്ന്
കാൽ മുട്ട് തേമാനത്തിന് വേദന കുറയ്ക്കാനും ചലനക്ഷമത മെച്ചപ്പെടുത്താനും ഓപ്പറേഷൻ കൂടാതെ പല ചികിത്സാ മാർഗങ്ങളും പരീക്ഷിക്കപ്പെട്ട് വരുന്നുണ്ട്. ഇവയെ പൊതുവായി regenerative (പുനരുദ്ധാരണ) മെഡിസിൻ എന്ന് പറയുന്നു. ഇതിൽപെട്ട ഒരുതരം ചികിത്സയാണ് Platelet-Rich Plasma (PRP) എന്നത്.
PRP നമ്മുടെ തന്നെ രക്തത്തിൽ നിന്ന് പ്രത്യേകമായി ശേഖരിച്ച്, അടുപ്പിച്ച പ്ലേറ്റ്‌ലെറ്റുകൾ (രക്തത്തിലെ ചെറിയ കോശങ്ങൾ) ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു ദ്രാവകമാണ്. ഈ പ്ലേറ്റ്‌ലെറ്റുകൾ പുനരുദ്ധാരണത്തിനു സഹായിക്കുന്ന ഘടകങ്ങളാൽ സമൃദ്ധമാണ്. മുടി വളരാൻ വേണ്ടി തുടങ്ങി പല്ലുരോഗം വരെ ഏതാണ്ട് ചികിത്സ ഇല്ലാത്ത എല്ലാ രോഗങ്ങൾക്കും PRP പരീക്ഷിക്കപ്പെട്ടു വരുന്നുണ്ട്. മുട്ട് തേമാനം ഉള്ള രോഗികൾക്ക് വേദന കുറയ്ക്കാനും പ്രവർത്തനം മെച്ചപ്പെടുത്താനും PRP സഹായകമാകുമെന്ന് ചിലർ വിശ്വസിക്കുന്നു.
വിശ്വാസം അല്ലേ എല്ലാം എന്നാണ് പരസ്യ വാചകം. എന്നാൽ ശാസ്ത്രത്തിന്റെ രീതി അങ്ങനെ അല്ല. ഒരേ രോഗം ഉള്ള ആളുകളെ രണ്ട് കൂട്ടങ്ങളാക്കി വിഭജിക്കുന്നു. ഒരു കൂട്ടർക്ക് പുതിയ ചികിത്സ നൽകുന്നു, മറ്റൊരു കൂട്ടർക്ക് സാധാരണ ചികിത്സ അല്ലെങ്കിൽ പ്ലാസിബോ നൽകുന്നു. ഈ രീതിയിൽ, യഥാർത്ഥത്തിൽ പുതിയ ചികിത്സ കാരണം ഗുണം ഉണ്ടാകുന്നുണ്ടോ എന്ന് ശാസ്ത്രീയമായി മനസ്സിലാക്കാൻ സാധിക്കുന്നു. ഇതിനെ RCT /ക്ലിനിക്കൽ ട്രയൽ എന്ന് പറയുന്നു.
ഇതുവരെ ഉള്ള ട്രയൽ ഫലങ്ങൾ പ്രകാരം PRP മുട്ട് തേമാനം തടയാനോ കുറക്കാനോ ഒട്ടും ഫലപ്രദം അല്ല എന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ശാസ്ത്രലോകം ഇപ്പോൾ PRP-യെ മുട്ട് തേമാനത്തിനുള്ള ചികിത്സ ആയി അംഗീകരിച്ചിട്ടില്ല.
അങ്ങനെ എങ്കിൽ നമ്മുടെ നാട്ടിൽ PRP ചികിത്സ ഇത്ര സാധാരണമായി നടക്കുന്നത് എന്തുകൊണ്ടാണ്? ചിലർ ഗുണം ഉണ്ടെന്ന് പറയുന്നുണ്ടല്ലോ?
മലയാളികൾ നൂറു ശതമാനം സാക്ഷരത ഉള്ളവർ ആണ്. എന്ന് മാത്രമല്ല, ഇംഗ്ലീഷ് ഭാഷയും വശമാണ്. ഇതു information (വിവരങ്ങൾ) എളുപ്പത്തിൽ ലഭിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. പക്ഷെ മലയാളികൾ information നെ knowledge (അറിവ് ) ആയി തെറ്റിദ്ധരിക്കുകയും ആദ്യം കിട്ടുന്ന വിവരം വച്ച് തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു. മാത്രമല്ല, നമ്മുടെ ഔദ്യോഗിക വിദ്യാഭാസത്തിൽ life skills (ജീവിതനൈപുണ്യങ്ങൾ) ഒന്നും തന്നെ പഠിപ്പിക്കുന്നില്ല. ഇതു പൊതുവേ ശാസ്ത്രബോധം കുറയാൻ ഇടയാക്കുകയും വിശ്വാസങ്ങളുടെയും അത്ഭുതപ്രവൃത്തികളുടെയും പുറകെ പോകുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. വേറെ ഒരു പ്രത്യേകത instant gratificationനു (തത്സമയ സംതൃപ്തി) പുറകെ ഉള്ള പാച്ചിൽ ആണ്. പല കാര്യങ്ങളും പണം കൊണ്ട് പരിഹരിക്കാൻ കഴിയില്ല അന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം!
ലഡ്ഡു കഴിച്ചു ഷുഗർ മാറ്റാം അന്ന് പറഞ്ഞാൽ വിശ്വസിക്കുന്ന നാട്ടിൽ PRP യും എളുപ്പത്തിൽ വിറ്റഴിക്കാം.
Back to top